Month: ഡിസംബര് 2018

ഭയപ്പെടേണ്ടാ!

ബൈബിളില്‍ ഓരോ പ്രാവശ്യവും ഒരു ദൂതന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അവന്‍ പറയുന്ന ആദ്യ വാക്കുകള്‍ "ഭയപ്പെടേണ്ടാ!" എന്നതാണ്. പ്രകൃത്യാതീതം ഭൂമിയുമായി ബന്ധപ്പെടുമ്പോള്‍, മാനുഷിക വീക്ഷകര്‍ ഭയപ്പെട്ട് കവിണ്ണുവീഴുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഭയപ്പെടുത്താത്ത രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ലൂക്കൊസ് പറയുന്നു. മൃഗങ്ങളോടൊപ്പം ജനിച്ചു വീണ് പുല്‍ക്കൂട്ടില്‍ കിടത്തപ്പെട്ട യേശുവില്‍ നാം ഭയപ്പെടേണ്ടാത്ത നിലയില്‍ ദൈവം നമ്മെ സമീപിച്ചു. ഒരു നവജാത ശിശുവിനെപ്പോലെ ഭയം ജനിപ്പിക്കാത്ത മറ്റെന്താണുള്ളത്?

ഭൂമിയില്‍ യേശു ദൈവവും മനുഷ്യനുമായിരുന്നു. ദൈവമെന്ന നിലയില്‍ അവന് അത്ഭുതം പ്രവര്‍ത്തിക്കാനും പാ

പങ്ങള്‍ ക്ഷമിക്കുവാനും മരണത്തെ ജയിക്കുവാനും ഭാവി പ്രവചിക്കുവാനും കഴിഞ്ഞിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ പ്രതീകങ്ങളായ മേഘസ്തംഭവും അഗ്നി സ്തംഭവും പരിചിതമായ യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം യേശു വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു ആശാരിയുടെ മകനും നസറേത്തില്‍ നിന്നുള്ള മനുഷ്യനുമായ ബേത്ത്ലഹേമിലെ ശിശു എങ്ങനെ ദൈവത്തിന്‍റെ മശിഹാ ആകും?

എന്തുകൊണ്ടാണ് ദൈവം മനുഷ്യരൂപം എടുത്തത്? പന്ത്രണ്ടു വയസ്സുള്ള യേശു ദൈവാലയത്തില്‍ റബ്ബിമാരോടു സംവാദിക്കുന്നത് നമുക്കൊരു സൂചന നല്‍കുന്നു. "'അവന്‍റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി" (ലൂക്കൊസ് 2:47) എന്നു ലൂക്കൊസ് പറയുന്നു. ആദ്യമായി, സാധാരണ മനുഷ്യര്‍ക്ക് ദൃശ്യരൂപത്തിലുള്ള ദൈവവുമായി സംഭാഷിക്കാന്‍ സാധിച്ചു.

"ഭയപ്പെടേണ്ടാ!" എന്ന ആമുഖ പ്രസ്താവന കൂടാതെ യേശുവിന് എല്ലാവരോടും -അവന്‍റെ മാതാപിതാക്കളോട്, ഒരു റബ്ബിയോട്, ഒരു പാവപ്പെട്ട വിധവയോട് - സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നു. യേശുവില്‍ ദൈവം അടുത്തു വന്നു.

നേതാവിനെ അനുഗമിക്കുക

ഞങ്ങളുടെ വീടിനു മുകളില്‍ ആകാശത്ത് മൂന്നു ഫൈറ്റര്‍ വിമാനങ്ങള്‍ -ഒന്നാണെന്നു തോന്നിപ്പോകുംവിധം അത്രയും ചേര്‍ന്ന് - അലറിപ്പാഞ്ഞു. "വൗ" ഞാന്‍ എന്‍റെ ഭര്‍ത്താവ് ഡാനിനോടു പറഞ്ഞു. "അത്ഭുതകരം" അദ്ദേഹം സമ്മതിച്ചു. ഒരു എയര്‍ഫോഴ്സ് ബെയ്സിനു സമീപം പാര്‍ത്തിരുന്ന ഞങ്ങള്‍ക്ക് അത്തരം കാഴ്ചകള്‍ അസാധാരണമായിരുന്നില്ല.

എന്നിരുന്നാലും ഓരോ തവണവും ഈ ജെറ്റുകള്‍ മുകളിലൂടെ പറക്കുമ്പോള്‍ എന്നില്‍ ഒരേ ചോദ്യം ഉയരാറുണ്ടായിരുന്നു: എങ്ങനെ അവര്‍ക്ക് നിയന്ത്രണം വിടാതെ അത്രയും ചേര്‍ന്നു പറക്കാന്‍ കഴിയുന്നു? ഞാന്‍ മനസ്സിലാക്കിയ ഒരു കാരണം താഴ്മ എന്നതായിരുന്നു. നയിക്കുന്ന പൈലറ്റ് കൃത്യമായ വേഗതയും ഉയരവും പാലിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട് വശങ്ങളിലുള്ള പൈലറ്റുമാര്‍ ദിശ മാറ്റാനും നേതാവിന്‍റെ പാതകളെ ചോദ്യം ചെയ്യാനുമുള്ള ആഗ്രഹത്തെ കീഴടക്കിക്കൊടുക്കുന്നു. പകരം അവര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചേര്‍ന്ന് അനുഗമിക്കുകയും ചെയ്യുന്നു. ഫലമോ? കൂടുതല്‍ ശക്തമായ ടീം.

യേശുവിനെ അനുഗമിക്കുന്നതും വ്യത്യസ്തമല്ല. അവന്‍ പറയുന്നു, "എന്നെ അനുഗമിക്കുവാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ" (ലൂക്കൊസ് 9:23).

അവന്‍റെ പാത സ്വയ-ത്യാഗത്തിന്‍റെയും കഷ്ടതയുടെയും ആണ്, അത് അനുഗമിക്കാന്‍ പ്രയാസമുള്ളതാണ്. എന്നാല്‍ അവന്‍റെ പ്രയോജനകരമായ ശിഷ്യന്മാരായിരിപ്പാന്‍, നാം സ്വാര്‍ത്ഥ മോഹങ്ങളെ ഉപേക്ഷിച്ച് ദിനംതോറും ആത്മിക ഭാരങ്ങളെ എടുത്ത് - ഉദാഹരണമായി, നമുക്കു മുമ്പെ മറ്റുള്ളവരെ സേവിച്ച് - അവനെ ചേര്‍ന്ന് പിന്‍പറ്റണം.

ദൈവത്തോടൊപ്പം, ഈ താഴ്മയോടും ചേര്‍ന്നുമുള്ള നടപ്പ് ഒരു കാഴ്ച തന്നെയാണ്. അവന്‍റെ നേതൃത്വത്തെ അനുസരിച്ച് അടുത്തു ചേര്‍ന്ന് നടക്കുമ്പോള്‍ നാം ക്രിസ്തുവുമായി ഒന്നായിത്തീരും. അപ്പോള്‍ മറ്റുള്ളവര്‍ നമ്മെയല്ല, അവനെയാണ് കാണുന്നത്. ആ കാഴ്ചയെ വിശദീകരിക്കാന്‍ ഒരു ചെറിയ പദമുണ്ട്, "വൗ!"

ഒരു ക്രിസ്തുമസ് കത്ത്

ഓരോ ക്രിസ്തുമസിനും എന്‍റെ ഒരു സുഹൃത്ത് തന്‍റെ ഭാര്യയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ വിലയിരുത്തിക്കൊണ്ടും ഭാവിയെക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടും ഒരു നീണ്ട കത്തെഴുതും. താന്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അതെന്തുകൊണ്ടാണെന്നും അദ്ദേഹം എഴുതും. തന്‍റെ പെണ്‍മക്കളില്‍ ഓരോരുത്തര്‍ക്കും അദ്ദേഹം ഓരോ കത്തെഴുതും. അദ്ദേഹത്തിന്‍റെ സ്നേഹവചനങ്ങള്‍ അവിസ്മരണീയമായ ക്രിസ്തുമസ് സമ്മാനങ്ങളായിരുന്നു.

ആദ്യത്തെ ക്രിസ്തുമസ് സ്നേഹസന്ദേശം, വചനം ജഡമായിത്തീര്‍ന്ന യേശു തന്നെയായിരുന്നു എന്നു നമുക്കു പറയാന്‍ കഴിയും. ഈ സത്യം യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ അടിവരയിട്ടു പറയുന്നു: "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു" (യോഹന്നാന്‍ 1:1). പു

രാതന തത്വശാസ്ത്രത്തില്‍, വചനത്തിനുള്ള ഗ്രീക്കു പദമായ ലോഗോസ് എന്നതിന്‍റെ അര്‍ത്ഥം ദിവ്യ മനസ്സ്, യാഥാര്‍ത്ഥ്യത്തെ ഒന്നിപ്പിക്കുന്ന ക്രമം എന്നൊക്കെയായിരുന്നു. എന്നാല്‍ യോഹന്നാന്‍ ഈ നിര്‍വ്വചനത്തെ വിശാലമാക്കി വചനത്തെ ഒരു വ്യക്തിയാക്കി വെളിപ്പെടുത്തി - "ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു" ദൈവ

പുത്രനായ യേശു (വാ. 2). ഈ വചനം, പിതാവിന്‍റെ "ഏകജാതനായ പുത്രന്‍" "ജഡമായിത്തീര്‍ന്നു, ... നമ്മുടെ ഇടയില്‍ പാര്‍ത്തു" (വാ. 14). വചനമായ യേശുവിലൂടെ ദൈവം തന്നെത്തന്നെ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തി.

ഈ മനോഹരമായ മര്‍മ്മത്തോട് ദൈവശാസ്ത്രജ്ഞന്മാര്‍ നൂറ്റാണ്ടുകളായി മല്‍പ്പിടുത്തത്തിലാണ്. എത്രത്തോളം നമുക്കു മനസ്സിലായില്ലെങ്കിലും വചനമായ യേശു നമ്മുടെ ഇരുണ്ട ലോകത്തിന് വെളിച്ചം പകരുന്നു എന്ന് നമുക്ക് ഉറപ്പുണ്ട് (വാ. 9). നാം അവനില്‍ വിശ്വസിച്ചാല്‍ നമുക്ക് ദൈവത്തിന്‍റെ പ്രിയ മക്കള്‍ ആയിത്തീരുന്ന ദാനം ആസ്വദിക്കാന്‍ കഴിയും (വാ. 12).

നമുക്കുള്ള ദൈവത്തിന്‍റെ സ്നേഹസന്ദേശമായ യേശു, വരികയും നമ്മുടെയിടയില്‍ പാര്‍ക്കുകയും ചെയ്തു. അതൊരു വിസ്മയകരമായ ക്രിസ്തുമസ് സമ്മാനമാണ്!

മഹത്തായ ഉണര്ന്നെഴുന്നേല്ക്കല്

ഞങ്ങളുടെ ആണ്‍മക്കള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഒത്തുകൂടിയതിന്‍റെ ഒരു ഓര്‍മ്മ ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ രാത്രി വൈകിയും സംസാരിച്ചിരുന്നു; കളിച്ചു ക്ഷീണിതരായ ഞങ്ങളുടെ മക്കള്‍ ഒരു കസേരയില്‍ ചുരുണ്ടു കിടന്ന് ഉറങ്ങി.

പുറപ്പെടാന്‍ സമയമായപ്പോള്‍, ഞാന്‍ മക്കളെ വാരിയെടുത്ത് കാറിലേക്കു കൊണ്ടുപോയി പിന്‍സീറ്റില്‍ കിടത്തി വീട്ടിലേക്കു കൊണ്ടണ്ടുപോയി. ഞങ്ങള്‍ എത്തിയപ്പോള്‍, ഞാന്‍  വീണ്ടും അവരെ എടുത്ത് കിടക്കയില്‍ കൊണ്ടു കിടത്തി, ചുംബനം കൊടുത്ത് ലൈറ്റ് അണച്ചു. രാവിലെ അവര്‍ ഉണര്‍ന്നത് അവരുടെ ഭവനത്തില്‍. ഇതെനിക്ക്, നാം "യേശുവില്‍  നിദ്രകൊള്ളുന്ന" രാത്രിയെക്കുറിച്ചുള്ള സമ്പന്നമായ ഒരു രൂപകമായി മാറി (1 തെസ്സലൊനീക്യര്‍ 4:14).

നാം ഉറങ്ങുകയും നമ്മുടെ നിത്യഭവനത്തില്‍, നമ്മുടെ നാളുകളുടെ അടയാളമായ ക്ഷീണത്തെ സൗഖ്യമാക്കുന്ന ഭവനത്തില്‍, നാം ഉണര്‍ന്നെഴുന്നേല്ക്കയും ചെയ്യും.

എന്നെ അതിശയിപ്പിച്ച ഒരു പഴയ നിയമ വേദഭാഗം കഴിഞ്ഞ ദിവസം എന്‍റെ ശ്രദ്ധയില്‍ വന്നു-ആവര്‍ത്തനപുസ്തകത്തിലെ ഒരു സമാപന നിമിഷം: "മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വച്ചു മരിച്ചു" (34:5). എബ്രായയില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനെയാണ്:  "മോശെ യഹോവയുടെ വായോടുകൂടെ  ... മരിച്ചു." ആ പുരാതന പ്രയോഗത്തെ എബ്രായ റബ്ബിമാര്‍ തര്‍ജ്ജമ ചെയ്യുന്നത് "യഹോവയുടെ ചുംബനത്തോടെ" എന്നാണ്.

ഭൂമിയിലെ നമ്മുടെ അവസാന രാത്രിയില്‍ ദൈവം കുനിഞ്ഞ് നമ്മെ പുണര്‍ന്ന് നമ്മെ ചുംബിച്ച് ശുഭരാത്രി ആശംസിക്കുന്നു എന്നു ഞാന്‍ ദര്‍ശിക്കുന്നത് അധികമായിപ്പോകുമോ?

ജോണ്‍ ഡണ്‍ വാക്ചാതുര്യത്തോടെ കുറിക്കുന്നതുപോലെ, "ഒരു ഹ്രസ്വനിദ്ര കഴിഞ്ഞാല്‍, നാം നിത്യമായി ഉണരും."

അപമാനത്തില്നിന്ന് ബഹുമാനത്തിലേക്ക്

വീണ്ടും വര്‍ഷത്തിന്‍റെ ആ സമയത്താണ് കുടുംബം ഉത്സവ സമയം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. എന്നിരുന്നാലും ഞങ്ങളില്‍ ചിലര്‍ "കരുതലുള്ള" ചില ബന്ധുക്കളെ കണ്ടുമുട്ടുന്നതിനെ ഭയന്നിരുന്നു, കാരണം ഇപ്പോഴും വിവാഹിതരാകാത്തവരോ, മക്കളില്ലാത്തവരോ ആയവരോടുള്ള അവരുടെ ചോദ്യം, തങ്ങള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് അവരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

അനേക വര്‍ഷങ്ങളായി വിവാഹിതയായിട്ടും മക്കളില്ലാതിരുന്ന എലിശബെത്തിന്‍റെ പ്രയാസം ഊഹിച്ചുനോക്കൂ. അവളുടെ സംസ്കാരത്തില്‍, അത് ദൈവത്തിന്‍റെ അപ്രീതിയായി വ്യാഖ്യാനിക്കുകയും (1 ശമൂവേല്‍ 1:5-6 കാണുക) നിന്ദയായി കരുതുകയും ചെയ്തിരുന്നു. അതിനാല്‍ എലീശബെത്ത് നീതിയോടെ ജീവിച്ചവളായിരുന്നുവെങ്കിലും (ലൂക്കൊസ് 1:6) അവളുടെ അയല്ക്കാരും ബന്ധുക്കളും നേരെ തിരിച്ചായിരിക്കാം ചിന്തിച്ചിരുന്നത്.

ഇതൊക്കെയാണെങ്കിലും എലീശബെത്തും അവളുടെ ഭര്‍ത്താവും കര്‍ത്താവിനെ വിശ്വസ്തതയോടെ സേവിക്കുന്നതു തുടര്‍ന്നു. ഇരുവരും വയസ്സുചെന്നു വൃദ്ധരായപ്പോള്‍,  ഒരു അത്ഭുതം സംഭവിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു (വാ. 13). അവന്‍ തന്‍റെ പ്രീതി നമ്മോടു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു (വാ. 25). അവന്‍ താമസിക്കുന്നതായി തോന്നിയാലും അവന്‍റെ സമയം എല്ലായ്പ്പോഴും കൃത്യവും അവന്‍റെ ജ്ഞാനം എല്ലായ്പ്പോഴും തികവുറ്റതുമാണ്. എലീശബെത്തിനും അവളുടെ ഭര്‍ത്താവിനും ഒരു പ്രത്യേക സമ്മാനം ദൈവം കരുതിയിരുന്നു: മശിഹായുടെ മുന്നോടിയാകാന്‍ പോകുന്ന ഒരു ശിശു (യെശയ്യാവ് 40:3-5).

നിങ്ങള്‍ക്ക് ഒരു കാര്യം ഇല്ലാതിരിക്കുന്നു - യൂണിവേഴ്സിറ്റി ഡിഗ്രി, ജീവിത പങ്കാളി, ഒരു കുട്ടി, ഒരു ജോലി ഒരു ഭവനം - എന്നതുകൊണ്ട് നിങ്ങള്‍ അപര്യാപ്തനാണെന്നു തോന്നുന്നുണ്ടോ? എലീശബെത്തിനെപ്പോലെ അവനുവേണ്ടി വിശ്വസ്തതയോടെ ജീവിക്കുകയും അവനും അവന്‍റെ പദ്ധതിക്കുംവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. നമ്മുടെ സാഹചര്യങ്ങള്‍ എന്തായിരുന്നാലും, ദൈവം നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ഹൃദയം അവനറിയാം. അവന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു.

കണ്ണാടികളും കേഴ്വിക്കാരും

ഉഗാണ്ടയിലെ കമ്പാലയിലുള്ള ഹോട്ടലില്‍നിന്നു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, സെമിനാറിലേക്ക് എന്നെ കൊണ്ടുപോകാന്‍ വന്ന എന്‍റെ ആതിഥേയ എന്നെ നോക്കി തമാശയായി ചിരിച്ചു. "എന്താ ഇത്ര ചിരിക്കാന്‍?" ഞാന്‍ ചോദിച്ചു. അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു, "താങ്കള്‍ മുടി ചീകിയോ?" ഈ പ്രാവശ്യം ഞാനാണ് ചിരിച്ചത്. ഞാന്‍ എന്‍റെ മുടി ചീകാന്‍ മറന്നുപോയി. ഞാന്‍ എന്‍റെ രൂപം ഹോട്ടലിലെ കണ്ണാടിയില്‍ നോക്കി. ഞാന്‍ കണ്ട കാഴ്ച ഞാന്‍ ശ്രദ്ധിക്കാതെ പോയതെങ്ങനെയാണ്?

ഒരു പ്രത്യേക രൂപകത്തിലൂടെ, നമ്മുടെ തിരുവചന പഠനം കൂടുതല്‍ പ്രയോജനകരമാക്കുന്നതിന്‍റെ ഉപയോഗപ്രദമായ ഒരു തലം യാക്കോബ് നല്‍കുന്നു. എന്തെങ്കിലും തിരുത്തല്‍ വരുത്തണോ - മുടി ചീകണോ, മുഖം കഴുകണോ, ഷര്‍ട്ടിന്‍റെ ബട്ടണ്‍ ശരിയായി ഇട്ടോ -  എന്നറിയാന്‍ നാം നമ്മുടെ രൂപം കണ്ണാടിയില്‍ പരിശോധിക്കുന്നു. ഒരു കണ്ണാടിപോലെ, നമ്മുടെ സ്വഭാവവും മനോഭാവവും ചിന്തകളും പെരുമാറ്റവും പരിശോധിക്കാന്‍ ബൈബിള്‍ നമ്മെ സഹായിക്കുന്നു (യാക്കോബ് 1:23-24). ദൈവം വെളിപ്പെടുത്തിയ പ്രമാണങ്ങള്‍ക്കനുസരണമായി നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു. നാം നമ്മുടെ നാവുകള്‍ക്ക് "കടിഞ്ഞാണ്‍ ഇടണം" (വാ. 26), "വിധവകളെയും അനാഥരെയും സഹായിക്കണം" (വാ. 27). നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനു നാം ചെവികൊടുക്കുകയും "ലോകത്താലുള്ള കളങ്കം പറ്റാതെ" നമ്മെത്തന്നെ കാക്കുകയും വേണം (വാ. 27).

നാം "സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി" അവയെ നമ്മുടെ ജീവിതത്തില്‍ പാലിക്കുമ്പോള്‍ നാം ചെയ്യുന്നതില്‍ നാം കൃതാര്‍ത്ഥരാകും (വാ. 25). തിരുവചനമാകുന്ന കണ്ണാടിയില്‍ നാം നോക്കുമ്പോള്‍, നമ്മില്‍ "ഉള്‍നട്ട ദൈവവചനത്തെ നമുക്കു താഴ്മയോടെ" കൈക്കൊള്ളാന്‍ കഴിയും (വാ. 21).

സൗന്ദര്യത്തിന്റെ മൊസെയ്ക്കുകള്

യിസ്രായേലിലെ എയ്ന്‍ കാരെമിലെ ചര്‍ച്ച് ഓഫ് ദി വിസിറ്റേഷന്‍റെ മുറ്റത്തിരിക്കുമ്പോള്‍ ലൂക്കൊസ് 1:46-55 ലെ വാക്കുകള്‍ അനേക ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന 67 മൊസെയ്ക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. "മഹിമപ്പെടുത്തുക" എന്നര്‍ത്ഥമുള്ള ലത്തീന്‍ പദത്തില്‍ നിന്നുള്ള മാഗ്നിഫിക്കാറ്റ് എന്ന് പരമ്പരാഗതമായി അറിയപ്പെടുന്ന ഈ വാക്കുകള്‍ താന്‍ മശിഹായുടെ മാതാവാകുമെന്ന ദൂതന്‍റെ പ്രഖ്യാപനത്തോടുള്ള മറിയയുടെ ആഹ്ലാദ

പൂര്‍വ്വമായ പ്രതികരണമാണിത്.

ഓരോ ഫലകവും മറിയയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. "എന്‍റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു; എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു. ... ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു" (വാ. 46-49). തന്നോടും യിസ്രായേല്‍ രാജ്യത്തോടുമുള്ള ദൈവത്തിന്‍റെ വിശ്വസ്തതയെ വിവരിച്ചുകൊണ്ടുള്ള മറിയയുടെ സ്തുതി ഗീതത്തെയാണ് പാട്ടിന്‍റെ തലക്കെട്ട് ചിത്രീകരിക്കുന്നത്.

ദൈവത്തിന്‍റെ കരുണയെ നന്ദിപൂര്‍വ്വം ഏറ്റുവാങ്ങിയവള്‍ എന്ന നിലയില്‍ മറിയ അവളുടെ രക്ഷയില്‍ സന്തോഷിക്കുന്നു (വാ. 47). ദൈവത്തിന്‍റെ കരുണ യിസ്രായേലിന്‍റെ തലമുറകള്‍ക്കും നീട്ടപ്പെട്ടിരിക്കുന്നു എന്നും അവള്‍ അംഗീകരിക്കുന്നു (വാ. 50). യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്‍റെ കരുതലിനെ തിരിഞ്ഞുനോക്കിക്കൊണ്ട്, തന്‍റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മറിയ സ്തുതി കരേറ്റുന്നു (വാ. 51). അവളുടെ ദൈനംദിന ആവശ്യങ്ങളും അവന്‍റെ കൈയില്‍നിന്നുമാണ് വരുന്നത് എന്നു തിരിച്ചറിഞ്ഞുകൊണ്ട് അവള്‍ നന്ദി പറയുന്നു (വാ. 53).

നമുക്കുവേണ്ടി ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് അവനു സ്തുതി കരേറ്റുന്നതിനുള്ള ഒരു മാര്‍ഗ്ഗവും നമ്മെ സന്തോഷത്തിലേക്കു നയിക്കുന്നതുമാണ് എന്ന് മറിയ നമുക്കു കാണിച്ചുതരുന്നു. ഈ ക്രിസ്തുമസ് അവസരത്തില്‍ കടന്നുപോയ വര്‍ഷത്തെ വിചിന്തനം ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ നന്മകളെ ഓര്‍ക്കുക. അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ സ്തുതി വചനങ്ങളിലൂടെ വിലയ സൗന്ദര്യത്തിന്‍റെ മൊസൈക്ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്കു കഴിയും.

സ്വര്ഗ്ഗത്തിന്റെ സ്നേഹഗീതം

1936 ല്‍, ഗാനരചയിതാവായ ബില്ലി ഹില്‍ "സ്നേഹത്തിന്‍റെ മഹത്വം" എന്ന പേരില്‍ ഒരു ജനപ്രിയ ഗാനം പുറത്തിറക്കി. അധികം താമസിയാതെ, ചെറിയ കാര്യങ്ങള്‍ പോലും അന്യോന്യമുള്ള സ്നേഹത്തില്‍ ചെയ്യുന്നതിന്‍റെ സന്തോഷത്തെക്കുറിച്ചുള്ള ഈ ഗാനം രാജ്യം ഏറ്റുപാടാന്‍ ആരംഭിച്ചു. അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം, ഗാനരചയിതാവായ പീറ്റര്‍ സെറ്റെറാ സമാനമായ പേരോടുകൂടി കൂടുതല്‍ വൈകാരികമായ ഒരു ഗാനം രചിച്ചു. അദ്ദേഹം സങ്കല്പിച്ചിരിക്കുന്നത്, അന്യോന്യം അറിയുന്നതിലൂടെ ആളുകള്‍ സ്നേഹത്തിന്‍റെ മഹത്വത്തിനായി എന്നേക്കും ജീവിക്കുന്നു എന്നാണ്.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരും ഒരുമിച്ചു പാടുന്ന ഒരു സ്നേഹഗീതത്തെക്കുറിച്ചു ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (വെളിപ്പാട് 5:9, 13). എന്നിരുന്നാലും, സംഗീതം തുടങ്ങുന്നത് വിലാപത്തിന്‍റെ മൈനര്‍ കീയോടുകൂടിയാണ്. നമ്മുടെ എഴുത്തുകാരനായ യോഹന്നാന്‍, ലോകത്തിലെ സകല തിന്മകള്‍ക്കും മറുപടിയില്ലെന്നറിഞ്ഞ് കരയാന്‍ തുടങ്ങി (വാ. 3-4). പക്ഷേ അവന്‍റെ മൂഡ് പ്രകാശമാനമാകുകയും സ്നേഹത്തിന്‍റെ യഥാര്‍ത്ഥ മഹത്വവും കഥയും യോഹന്നാന്‍ മനസ്സിലാക്കിയപ്പോഴേക്കും സംഗീതം ആരോഹണത്തിലെത്തുകയും ചെയ്തു (വാ. 12-13). അടുത്തതായി, സകല സൃഷ്ടിയും അവരുടെ രക്ഷയ്ക്കായി ഒരു കുഞ്ഞാടിനെപ്പോലെ തന്നെത്തന്നെ സ്നേഹപൂര്‍വ്വം ബലിയായി നല്‍കി (വാ. 13) തന്‍റെ പ്രജകളുടെ ഹൃദയം കവര്‍ന്ന യെഹൂദയുടെ ശക്തനായ സിംഹ-രാജാവിനെ സ്തുതിക്കുന്നത് അവന്‍ കേട്ടു (വാ. 5).

എക്കാലത്തും ആലപിച്ചിട്ടുള്ളതിലേക്കും ഹൃദയസ്പര്‍ശിയായ സംഗീതത്തില്‍, എന്തുകൊണ്ടാണ് കരുണയുടെ ഒരു ചെറിയ പ്രവൃത്തി ഒരു ഗാനത്തിന്‍റെ ചിറകിന്മേല്‍ ഉയരുന്നത് എന്നു നാം കാണുന്നു. നാം പാടുന്ന മഹത്വം നമ്മുടെ ദൈവത്തിന്‍റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. നാം അവനെക്കുറിച്ച് പാടുന്നു, കാരണം അവനാണ് നമ്മുടെ ഗാനം തന്നത്.

"ഒരു ശിശുവിനുവേണ്ടിയുള്ള പ്രതീക്ഷയുടെ" വൃക്ഷം

തെളിച്ചമുള്ള മിന്നുന്ന ബള്‍ബുകള്‍കൊണ്ട് ക്രിസ്തുമസ് ട്രീയെ പൊതിഞ്ഞു കഴിഞ്ഞ്, ഞാന്‍ അതിന്‍റെ ചില്ലകളില്‍ പിങ്കും നീലയും വളയങ്ങള്‍ കെട്ടിയിട്ട് അതിനെ "ഒരു ശിശുവിനുവേണ്ടിയുള്ള പ്രതീക്ഷ" ക്രിസ്തുമസ് ട്രീ എന്നു പേരിട്ടു. ഞാനും എന്‍റെ ഭര്‍ത്താവും ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ കിട്ടുന്നതിന് നാലു വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസിന് തീര്‍ച്ചയായും ലഭിക്കും!

ഓരോ പ്രഭാതത്തിലും ഞാന്‍ ട്രീയുടെ മുമ്പില്‍ വന്നിട്ടു പ്രാര്‍ത്ഥിക്കുകയും ദൈവത്തിന്‍റെ വിശ്വസ്തതയെ ഓര്‍ക്കുകയും ചെയ്യും. ഡിസംബര്‍ 21 ന് വാര്‍ത്തയെത്തി: ക്രിസ്തുമസിനു മുമ്പ് കുട്ടിയെ കിട്ടുകയില്ല. നിരാശയോടെ ദൈവിക കരുതലിന്‍റെ ഒരു പ്രതീകമായി മാറിയ ട്രീയുടെ മുമ്പില്‍ ഞാന്‍ നിന്നു. ദൈവം ഇപ്പോഴും വിശ്വസ്തനല്ലേ? ഞാന്‍ തെറ്റായ എന്തെങ്കിലുമാണോ ചെയ്യുന്നത്?

ചില സമയങ്ങളില്‍ ദൈവം പിടിച്ചുവയ്ക്കുന്നതായി തോന്നുന്നത്, അവന്‍റെ സ്നേഹപൂര്‍വ്വമായ ശിക്ഷണത്തിന്‍റെ ഫലമാണ്. മറ്റു ചിലപ്പോള്‍ നമ്മുടെ ആശ്രയം പുതുക്കുവാന്‍ ദൈവം സ്നേഹപൂര്‍വ്വം താമസിപ്പിക്കുന്നു. വിലാപങ്ങളില്‍, ദൈവം യിസ്രായേലിനെ തിരുത്തുന്നതിനെ പ്രവാചകനായ യിരെമ്യാവ് വിവരിക്കുന്നു. വേദന അസഹനീയമാണ്: "അവന്‍ തന്‍റെ പൂണിയിലെ അമ്പുകളെ എന്‍റെ അന്തരംഗങ്ങളില്‍ തറപ്പിച്ചിരിക്കുന്നു" (3:13). അവിടെയെല്ലാം യിരെമ്യാ പ്രവാചകന്‍ ദൈവത്തിന്‍റെ വിശ്വസ്തതയിലുള്ള ആത്യന്തിക ആശ്രയം പ്രകടമാക്കുന്നു: "അവന്‍റ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്‍റെ വിശ്വസ്തത വലിയതും ആകുന്നു" (3:22-23).

ക്രിസ്തുമസിനുശേഷവും ആ ട്രീ അവിടെ ഞാന്‍ നിര്‍ത്തുകയും എന്‍റെ പ്രഭാത പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒടുവില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഞങ്ങളുടെ പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്കു ലഭിച്ചു. നമ്മുടെ സമയ ക്രമമനുസരിച്ചല്ലെങ്കിലും നമ്മുടെ ആഗ്രഹമനുസരിച്ചല്ലെങ്കിലും ദൈവം എല്ലായ്പോഴും വിശ്വസ്തനാണ്.

എന്‍റെ മക്കള്‍ ഇപ്പോള്‍ അവരുടെ മുപ്പതുകളിലാണ്, എങ്കിലും എല്ലാ വര്‍ഷവും, ദൈവത്തിന്‍റെ വിശ്വസ്തതയില്‍ പ്രത്യാശിക്കാന്‍ എന്നെയും മറ്റുള്ളവരെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ഞാന്‍ ക്രിസ്തുമസ് ട്രീയുടെ ഒരു ചെറുപതിപ്പ് നിര്‍മ്മിക്കാറുണ്ട്.

"രഹസ്യമല്ലാത്ത" രഹസ്യം

താന്‍ ഒരു "യേശു വസ്തു" അല്ല എന്ന് എന്‍റെ സഹപ്രവര്‍ത്തകന്‍ എന്നോടു തുറന്നു പറഞ്ഞു. തന്‍റെ "സ്വയസംതൃപ്തമായ, ആത്മാരാധന" ജീവിതമെന്നു താന്‍ വിളിക്കുന്ന ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചതും അതില്‍ താന്‍ തൃപ്തനല്ലെന്നു പറഞ്ഞതും ഞാന്‍ ശ്രദ്ധിച്ചുകേട്ടു. "ഇതാണെന്‍റെ പ്രശ്നം, ഞാന്‍ നല്ലവനാകാനും കരുതുന്നവനാകാനും ശ്രമിക്കുന്നു, എങ്കിലും അതു ഫലിക്കുന്നില്ല. ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. നിര്‍ത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു."

"എന്താണു താങ്കളുടെ രഹസ്യം?" പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ അദ്ദേഹം എന്നോടു ചേദിച്ചു. "എന്‍റെ രഹസ്യം" ഞാന്‍ പറഞ്ഞു, "ഒരു രഹസ്യവും ഇല്ലെന്നുള്ളതാണ്. ഞാനും തങ്കളെപ്പോലെതന്നെ ദൈവിക നിലവാരത്തില്‍ ജീവിക്കുവാന്‍ അശക്തനാണ്. അതുകൊണ്ടാണ് നമുക്ക് യേശുവിനെ ആവശ്യമായിരിക്കുന്നത്."

ഞാന്‍ ബൈബിള്‍ എടുത്തിട്ട് "അദ്ദേഹത്തിന്‍റെ" ഉദ്ധരണി റോമര്‍ 7:15 ല്‍ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞ ഭാഗത്തുനിന്നു കാണിച്ചുകൊടുത്തു. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി നല്ലവരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ക്രിസ്തീയേതരരുടെയും ക്രിസ്ത്യാനികളുടെയും വാക്കുകളില്‍ പൗലൊസിന്‍റെ ഇച്ഛാഭംഗത്തിന്‍റെ വാക്കുകള്‍ പലപ്പോഴും പ്രതിധ്വനിക്കാറുണ്ട്. ഒരുപക്ഷേ അതു നിങ്ങളും പ്രതിധ്വനിപ്പിക്കാറുണ്ടായിരിക്കും. അങ്ങനെയെങ്കില്‍, ക്രിസ്തുവാണ് നമ്മുടെ രക്ഷയുടെയും അതിന്‍റെ ഫലമായ രൂപാന്തരത്തിന്‍റെയും നായകന്‍ എന്ന പൗലൊസിന്‍റെ പ്രഖ്യാപനം (7:25-8:2) നിങ്ങളെ ആഹ്ലാദഭരിതരാക്കും. നമ്മെ ഹതാശയരാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുന്നതിനുള്ള പ്രവൃത്തി യേശു ചെയ്തുകഴിഞ്ഞു.

നമുക്കും ദൈവത്തിനു മധ്യേ നിലകൊള്ളുന്ന തടസ്സം - പാപം എന്ന തടസ്സം - നമ്മുടെ ഭാഗത്തെ ഒരു പ്രവൃത്തിയും കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. രക്ഷ-നമ്മുടെ വളര്‍ച്ചാ പ്രക്രിയയിലൂടെ പരിശുദ്ധാത്മാവ് വരുത്തിയ രൂപാന്തരങ്ങളും- ആണ് നമ്മെക്കുറിച്ച് ദൈവം ആകെ പ്രതീക്ഷിക്കുന്നത്. നമ്മുടെ ആത്മാക്കളുടെ വാതില്‍ക്കല്‍ അവന്‍ മുട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് അവന്‍റെ വിളിക്ക് ഉത്തരം പറയുക. അവനാണ് ഉത്തരം എന്നത് ഒരു രഹസ്യമല്ല!